Dec 01, 2021

91-ാം പുനരൈക്യ വാർഷികം ആഘോഷിച്ചു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ 91-ാം പുനരൈക്യ വാർഷികം ആഘോഷിച്ചു. സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ പുതിയതായി പണികഴിപ്പിച്ച് വി. മൂറോൻ അഭിഷേക കൂദാശ നടത്തിയ മണ്ണന്തല സെന്റ് ജോൺ പോൾ II മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ സെപ്റ്റംബർ 20-ന് വിശുദ്ധ കുർബാനയർപ്പിച്ച് കാതോലിക്കാ പതാക ഉയർത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിൽ പണികഴിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പ്രഥമ ദൈവാലയവും തിരുവനന്തപുരം മേജർ അതിഭദ്രാസന നവതി സ്മാരകവും ആണിത്.

21-ന് മണ്ണന്തല വച്ചു നടന്ന പുനരൈക്യ വാർഷിക പൊതുസമ്മേളനത്തിൽ കാതോലിക്കാ ബാവാ അദ്ധ്യക്ഷനും മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാദ്ധ്യക്ഷൻ റൈറ്റ് റവ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടകനും ആയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. സൂസൈപാക്യം മുഖ്യ സന്ദേശവും സി. എസ്. ഐ. സഭാ മോഡറേറ്റർ റൈറ്റ് റവ. ധർമ്മരാജ് റസാലം, പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ശ്രീ. ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി എന്നിവർ സന്ദേശങ്ങളും നൽകി. മന്ത്രിമാരായ ശ്രീ. വി. ശിവൻകുട്ടി, ശ്രീ. ആന്റണി രാജു, ശ്രീ. ജി. ആർ. അനിൽ, എം. പി. ഡോ. ശശി തരൂർ, എം. എൽ. എ. മാരായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ശ്രീ. വി. കെ. പ്രശാന്ത്, സീറോ മലബാർ സഭാ പ്രതിനിധി റവ. ഫാ. ജോസഫ് കീപ്രത്ത് കപ്പൂച്ചിൻ, ഓർത്തഡോക്‌സ് സഭാ പ്രതിനിധി റവ. ഫാ. സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പാ, കൗൺസിലർമാരായ ശ്രീമതി വനജ രാജേന്ദ്രൻ, ശ്രീ. ജോൺസൺ ജോസഫ്, തിരുവന്തപുരം മേജർ അതിഭദ്രാസനം മുഖ്യ വികാരി ജനറാൾ വെരി. റവ. ഡോ. മാത്യൂ മനക്കരക്കാവിൽ കോർ എപ്പിസ്‌കോപ്പാ, വികാരി ജനറാൾ വെരി. റവ. ഡോ. വർക്കി ആറ്റപുറത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മേജർ അതിഭദ്രാസനത്തിന്റെ നവതി പ്രമാണിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

0 Comments

Leave a comment

captcha