യുവജനങ്ങൾക്കു കൂടുതൽ പദവികൾ നൽകണം: മാർ ക്‌ളീമിസ് ബാവ

വത്തിക്കാൻ സിറ്റി: സഭയുടെ നേതൃത്വ ശുശ്രുഷകളിൽ യുവജനങ്ങൾക്കു കൂടുതൽ ഔദ്യോഗിക പദവികൾ നൽകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ചുബിഷൊപ് കർദിനാൾ മാർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ. വത്തിക്കാനിൽ നടന്ന യുവജന സിനഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്കു പ്രഥമ പരിഗണന നൽകുന്ന ഒരു അജപാലന ശൈലിയിലേക്ക് സഭ മാറേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. 
യുവജന പ്രേഷിതത്വം യുവതത്തിൽ ആരംഭിക്കാൻ കാത്തിരിക്കാതെ ശൈശവ-കൗമാര പ്രായം മുതലേ തുടങ്ങി വച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടർച്ചയായി വളരേണ്ട അജപാലനരീതിയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. 
സകല പ്രായത്തിനും ആവശ്യമായ ഒരു മതബോധന സംവിധാനമാണ് സഭ രൂപപ്പെടുത്തേണ്ടതെന്നു പലരും അഭിപ്രായപ്പെട്ടു. സാധ്യതകളുടെയും വൈവിധ്യങ്ങളുടെയും വലിയ വാണിജ്യലോകത്തിൽ ആവശ്യമായതു മാത്രം തെരെഞ്ഞെടുക്കുവാനും ബാക്കിയുള്ളവ തിരസ്കരിക്കുവാനും യുവജനങ്ങൾ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പ ഓർമ്മിപ്പിക്കുന്നതുപോലെ കരുണയും ആർദ്രതയുമുള്ള സഭയ്ക്കെ ഇന്നത്തെ യുവജനങ്ങളെ ആകര്ഷിക്കാനാവു എന്ന് പൊതുവെ അഭിപ്രായമുയർന്നു. 

0 Comments

Leave a comment

captcha