നിർധനരായ 21 കുടുംബങ്ങൾക്ക് ഭവനങ്ങൾ നൽകി മൂവാറ്റുപുഴ ഭദ്രാസന കാര്യാലയം കൂദാശ ചെയ്യപ്പെട്ടു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മൂവാറ്റുപുഴ ഭദ്രാസന കാര്യാലയത്തിന്റെ  കൂദാശ 2018 ഡിസംബർ 6-)൦ തീയതി ഉച്ച കഴിഞ്ഞു 3.30-ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്താൽ മറ്റ് സഭാപിതാക്കന്മാരുടെ സഹകാർമികത്വത്തിൽ നടത്തപ്പെട്ടു. ഭദ്രാസന കാര്യാലയവും മെത്രാസന മന്ദിരവും ഉൾപ്പെടുന്ന ഈ സമുച്ചയത്തിലായിരിക്കും ഇനി മുതൽ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ ഭരണ നിർവഹണ ഓഫീസുകൾ പ്രവർത്തിക്കുന്നത്.

2003-ൽ മൂവാറ്റുപുഴ ഭദ്രാസനത്തിന് റോമിൽനിന്ന് അംഗീകാരം നൽകിയപ്പോൾ തന്നെ മൂവാറ്റുപുഴ വാഴപ്പിള്ളി, ഭദ്രാസനത്തിന്റെ ആസ്ഥാനമായി നിശ്ചയിച്ചിരുന്നു. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് കഴിഞ്ഞ 15 വർഷമായി ഭദ്രാസനമൊന്നാകെ അക്ഷീണം പരിശ്രമത്തിലായിരുന്നു. മൂവാറ്റുപുഴയുടെ സമഗ്ര വികസനത്തിൽ ഭദ്രാസനവും പങ്കുചേരുക എന്ന പൊതുചിന്തയും ഭദ്രാസനകാര്യാലയം ഇവിടെ സ്ഥാപിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ഈ സാമൂഹിക കരുതലിന്റെ ഭാഗമായി ഉത്ഘാടന ദിവസംതന്നെ സമൂഹത്തിലെ ഏറ്റവും നിർധനരായ മനുഷ്യർക്ക് വേണ്ടി പണികഴിപ്പിച്ച 21 ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും നടത്തപ്പെട്ടു.

ഭദ്രാസന കാര്യാലയത്തിൽ മതബോധനകേന്ദ്രം, സ്കൂൾ കോർപ്പറേറ്റ് ഓഫീസ്, ഭദ്രാസന വികാരി ജനറാൾ ഓഫീസ്, ജുഡീഷ്യൽ വികാരി, സെക്രട്ടറി, ചാൻസലർ, പ്രൊക്കുറേറ്റർ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു. ലൈബ്രറി, കോൺഫറൻസ് ഹാൾ, ഗസ്റ്റ് റൂം, ചാപ്പൽ, ബിഷപ്‌സ് ഓഫീസ് എന്നിവയുൾപ്പെടെ ഭദ്രാസന കാര്യാലയം പ്രവർത്തന സജ്ജമായിരിക്കുന്നു. 

ഭദ്രാസന കാര്യാലയത്തിന്റെ കൂദാശ കർമത്തിൽ തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം, മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ്, ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്‌, മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ്, പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ്, പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ്, പൂനെ ഖഡ്കി എക്‌സാർക്കേറ്റ് അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ്, പത്തനംതിട്ട ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ്  അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് എന്നിവരോടൊപ്പം സിറോ-മലബാർ സഭയുടെയും  ലത്തീൻ സഭയുടെയും അഭിവന്ദ്യ പിതാക്കന്മാരും ഇതര സഹോദരീ സഭകളുടെ അഭിവന്ദ്യ പിതാക്കന്മാരും വിവിധ ഭദ്രാസനങ്ങളുടെ വികാരി ജനറാൾമാർ, കോറെപ്പിസ്കോപ്പാമാർ എന്നിവരും  മൂവാറ്റുപുഴ ഭദ്രാസനത്തിലെ വികാരി ജനറാൾ ബഹു മോൺ. വർഗീസ് കുന്നുംപുറത്തും ബഹു. വൈദികരും സന്യസ്തരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും വിവിധ പ്രേഷിത സംഘടനാ നേതാക്കളും പങ്കെടുത്തു. 

കൂദാശാകർമ്മത്തിന് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. എബ്രഹാം മാർ യൂലിയോസ്‌ സ്വാഗത പ്രസംഗവും മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ് തിരുമേനി അനുഗ്രഹ പ്രഭാഷണവും അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ്  കാതോലിക്കാബാവ ഉത്ഘാടന സന്ദേശവും നൽകി. മൂവാറ്റുപുഴ ഭദ്രാസനത്തിലെ കോ-അഡ്ജുത്തോർ ബിഷപ് അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.

 

0 Comments

Leave a comment

captcha