Dec 01, 2021

ഏഴാമത് UK റീജിയണൽ കൺവെൻഷൻ വോൾവർഹാംറ്റണിൽ

ബിർമിംഗാം (ഇംഗ്ലണ്ട്):  മലങ്കര സുറിയാനി കത്തോലിക്കാ സഭ UK റീജിയണിന്റെ ഏഴാമത് കൺവെൻഷൻ 2019 ജൂൺ 22, 23 തീയതികളിൽ ഇംഗ്ലണ്ടിലെ വോൾവർഹാംറ്റണിൽ നടത്തപ്പെട്ടു. ബിർമിംഗാം അതിരൂപത ആർച്ച്ബിഷപ് അഭിവന്ദ്യ ബെർണാഡ് ലോംഗ്‌ലി കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നും ദൈവദാസൻ ആർച്ച്ബിഷപ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവൻ മാതൃകയാണെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് സൂചിപ്പിച്ചു. മലങ്കര സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബിർമിംഗാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ ഏറെ സന്തോഷിക്കുന്നുവെന്നും  വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവായെ പ്രതിനിധീകരിച്ചു പങ്കെടുത്ത അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി അധ്യക്ഷത വഹിച്ചു. ത്രീയേക ദൈവത്തിന്റെ മാതൃകയിൽ ഒരേ മനസോടെ കുടുംബജീവിതത്തെയും സഭാജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ച  വി. കുർബാനയോടുകൂടി  കൺവെൻഷന് ആരംഭം കുറിച്ചു. 'കൃപ നിറയുന്ന കുടുംബങ്ങൾ' എന്ന വിഷയത്തെ ആധാരമാക്കിയുള്ള  പ്രാർത്ഥനയ്ക്കും പഠനവിചിന്തനത്തിനും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകി. വി. കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ UK ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഇംഗ്ലണ്ട് റീജിയണൽ കോർഡിനേറ്റർ ബഹു. ഫാ. തോമസ് മടുക്കമൂട്ടിൽ സ്വാഗതം ആശംസിച്ചു. അതിരൂപത എത്തിനിക് ചാപ്ലിൻസി കോർഡിനേറ്റർ വെരി റവ. മോൺ. ഡാനിയേൽ, മലങ്കര കൌൺസിൽ വൈസ് പ്രെസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൻ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൺവെൻഷനിൽ  പതിനാറ് മിഷൻ കേന്ദ്രങ്ങളിൽനിന്നുള്ള കുടുംബങ്ങൾ പങ്കാളികളായി.    

0 Comments

Leave a comment

captcha